Earned Leave
ആർജിത അവധി
ഒരു സർക്കാർ ഉദ്യോഗസ്ഥൻ അയാളുടെ ഡ്യൂട്ടിക്ക്/സേവനത്തിന് ആനുപാതികമായി നേടിയ അവധികളിൽ ഒന്നാണ് ആർജിത അവധി. ഇത് കേരള സർവീസ് ചട്ടങ്ങൾ പ്രകാരമുള്ള ഒരു സ്വാഭാവിക അവധിയാണ്. കേരള സർക്കാർ സേവന ചട്ടം 78ൽ ആണ് ആർജിത അവധിയേക്കുറിച്ചു പറയുന്നത്.
സർക്കാർ ജീവനത്തിൽ പ്രവേശിച്ച ആദ്യവർഷ ജീവനക്കാരന്, 22 ദിവസത്തെ സേവനത്തിനു 1 ആർജിത അവധി, എന്ന കണക്കിലാണ് അവധി അനുവദിക്കുന്നത്.
പിന്നീടുള്ള വർഷങ്ങളിൽ 11 ദിവസത്തെ സേവനത്തിനു 1 അവധി, എന്നത് പ്രകാരവും.
3 വർഷത്തെ സേവന കാലാവധി പൂർത്തീകരിക്കുമ്പോൾ, 22 ന് 1 എന്ന കണക്കിൽ ആദ്യ വർഷം അനുവദിച്ച ആർജിത അവധി, 11 ന് 1 എന്ന കണക്കിൽ റെഗുലറൈസ് ചെയ്യുന്നതാണ്. അങ്ങനെ ആദ്യ വർഷത്തെ ശേഷിക്കുന്ന അവധികൾ മുൻകാല പ്രാബല്യത്തോടെ ലീവ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്.
ഒരാൾക്ക് പരമാവധി 300 ആർജിത അവധികളെ സമ്പാദിക്കുവാൻ കഴിയുള്ളു ഒരു സമയത്ത്.
അതേ പോലെ പരമാവധി 180 ലീവുകളേ ഒരാൾക്ക് ഒറ്റ സമയത്ത് ആർജിത അവധിയുപയോഗിച്ചു എടുക്കുവാൻ കഴിയുകയുള്ളു. എന്നാൽ വിരമിക്കൽ സമയത്തിന് അടുത്ത് പരമാവധി 300 ലീവുകൾ വരെ എടുക്കാവുന്നതാണ്.
- പ്രൊബേഷൻ സമയത്ത് ഒരു ജീവനക്കാരൻ ആർജിത അവധി എടുക്കുകയാണെങ്കിൽ, ഇത് പ്രൊബേഷൻ ഡിക്ലറേഷൻ തീയതിയെ ബാധിച്ചേക്കാം, കാരണം പ്രൊബേഷൻ കാലയളവ് കണക്കാക്കുമ്പോൾ ആർജിത അവധി എടുത്തത് കൂട്ടുകയില്ല.
Earned Leave Calculation / ആർജിത അവധി കണക്കുകൂട്ടൽ
ആർജിത അവധി നേടുന്നതിന്റെ നിരക്ക് മാറുമ്പോഴെല്ലാം, മുമ്പത്തെ നിരക്കിൽ ശേഖരിക്കപ്പെട്ട/സമ്പാദിച്ച അവധിയിലെ ഭിന്നസംഖ്യ (fraction) അടുത്തുള്ള ദിവസത്തിലേക്ക് മാറ്റണം. അങ്ങനെ മാറ്റുമ്പോൾ, പകുതിക്ക് താഴെയുള്ള ഭിന്നസംഖ്യ അവഗണിക്കണം, പകുതിയോ അതിൽ കൂടുതലോ ഉള്ള ഭിന്നസംഖ്യ ഒരു ദിവസമായി കണക്കാക്കുകയും ചെയ്യണം.
ആദ്യ വർഷം 22 ന് 1 എന്ന കണക്കിലാണ് ആർജിത അവധി നിശ്ചയിക്കുന്നത്. അതായത് 365/22 = 16(13/22) ~ 17 എണ്ണം. (ഭിന്നസംഖ്യ 13/22=0.59 എന്നത് 0.5 ക്ക് മുകളിലാണ്. അപ്പോൾ അത് 1 ആയി കണക്കാക്കും. അങ്ങനെ 16 + 1 = 17)
രണ്ടാം വർഷം 11 ന് 1 എന്ന കണക്കിലാണ് ആർജിത അവധി. അതായത് 365/22 + 365/11 = 16(13/22) + 33(2/11) = 49(17/22) ~ 50 എണ്ണം. (ആദ്യ വർഷത്തെ 365/22 + രണ്ടാം വർഷത്തെ 365/11.)
മൂന്നാം വർഷം 11 ന് 1 എന്ന കണക്കിൽ കിട്ടുന്ന ആർജിത അവധിക്ക് പുറമെ ആദ്യ വർഷത്തെ റെഗുലറൈസ് ചെയ്തു കിട്ടിയ ബാക്കിയെണ്ണം അവധികൾ കൂടെ ചേരും അക്കൗണ്ടിൽ. അതായത് 365/22 + 365/11 + 365/11 + 365/22 = 16(13/22) + 33(2/11) + 33(2/11) + 16(13/22) = 99(6/11) ~ 100 എണ്ണം.
Earned Leave Allowances / അവധിക്കാല ശമ്പളം
ആർജിത അവധി ഉപയോഗിച്ച് ലീവ് എടുക്കുന്ന കാലയളവിൽ മൊത്തം ശമ്പളം തന്നെ ആണ് ലഭിക്കുന്നത്.
എന്നാൽ ആർജിത അവധി ഉപയോഗിച്ച് ലീവ് എടുത്ത സമയത്താണ് പ്രൊമോഷൻ കിട്ടുന്നതെങ്കിൽ, പുതിയ തസ്തികയിൽ ചാർജ് എടുക്കുന്ന തീയതി മുതൽ മാത്രമേ പ്രമോഷന്റെ സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിക്കുകയുള്ളു.
Vacation Departments / അവധിക്കാല വകുപ്പുകൾ
അവധിക്കാലമുള്ള വകുപ്പുകളിൽ (Vacation Department), എത്ര അവധിക്കാല ദിനങ്ങളിൽ ഡ്യൂട്ടിക്ക് വന്നിട്ടുണ്ട്, എന്നത് നോക്കിയാണ് ആർജിത അവധി നിശ്ചയിക്കുന്നത്. ഒരാൾ ഒരു അവധിക്കാല ഡ്യൂട്ടിക്കും വന്നില്ലെങ്കിൽ അയാൾക്ക് ഒരു ആർജിത അവധിയും അനുവദിക്കുന്നതല്ല.
ആദ്യ വർഷ സേവനത്തിനു ആർജിത അവധി ഉണ്ടായിരിക്കുന്നതല്ല എന്നതും ശ്രദ്ധേയമാണ് - അവധിക്കാല ഡ്യൂട്ടിക്ക് വന്നാലും ഇല്ലെങ്കിലും.
അവധിക്കാല ജീവനക്കാരുടെ ആർജിത അവധി കാണാൻ ഉപയോഗിക്കുന്ന സമവാക്യം:
Number of Earned Leave = N/V x 30
N = എത്ര ദിവസം ഡ്യൂട്ടി ചെയ്തു അവധിക്കാലത്ത്.
V = എത്ര ദിവസം ഉണ്ട് അവധിക്കാലം.
Earned Leave Surrender / സറണ്ടർ
സമ്പാദിച്ച ആർജിത അവധിയുപയോഗിച്ചു ലീവ് എടുക്കുകയോ അല്ലെങ്കിൽ എൻക്യാഷ് ചെയ്തു പണമായി മാറ്റിയെടുക്കുവാനോ സാധിക്കുന്നതാണ്. സറണ്ടർ ചെയ്യുന്ന അത്രയും ആർജിത അവധികൾ ലീവ് അക്കൗണ്ടിൽ നിന്നും കുറയ്ക്കുന്നതാണ്.
ഒരു സാമ്പത്തിക വർഷം പരമാവധി 30 ആർജിത അവധികളെ എൻക്യാഷ് (encash) ചെയ്തു പണമാക്കി മാറ്റാൻ കഴിയുകയുള്ളു. അങ്ങനെ മൊത്തം 30 ആർജിത അവധികൾ എൻക്യാഷ് ചെയ്തു, ഒരു മാസത്തെ ശമ്പളമാക്കി മാറ്റുവാൻ കഴിയുന്നതാണ്.
എന്നാൽ വിരമിക്കാൻ നേരം 300 ആർജിത അവധികൾ വരെ ഒരുമിച്ച് എൻക്യാഷ് ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ, വിരമിക്കൽ സമയത്തെ ശമ്പള സ്കേലിൽ ഉള്ള 10 മാസത്തെ ശമ്പളമാണ് ലഭിക്കുന്നത്.
Categories