Casual Leave
കാഷ്വൽ ലീവ് (ആകസ്മിക അവധി)
കേരളാ സർവീസ് റൂൾസ് (KSR) പാർട്ട് 1 Rule 111 & Appendix VII എന്നിവയിലാണ് കാഷ്വൽ ലീവ് അല്ലെങ്കിൽ ആകസ്മിക അവധിയെ കുറിച്ചു പറയുന്നത്.
കെഎസ്ആർ(KSR) പ്രകാരം സർക്കാർ ജീവനക്കാർക്ക് കാഷ്വൽ ലീവ് ഒരു അവകാശമല്ല.
ആകസ്മിക അവധിയുടെ പേരിൽ "അവധി" ഉണ്ടെങ്കിലും അതിനേയൊരു അവധിയായല്ല പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ഡ്യൂട്ടിയ്ക്ക് ഹാജർ ആവാത്തതായി കണക്കാക്കുന്നില്ല; പകരം ഡ്യൂട്ടിയ്ക്ക് വന്നതുപോലെ തന്നെയാണ് ആകസ്മിക അവധിയിലുള്ള ആളെ പരിഗണിക്കുന്നത്. അതിനാൽ, മറ്റു ലീവുകളേപ്പോലെ കാഷ്വൽ ലീവ് ശമ്പളത്തേയോ അലവൻസുകളെയോ ബാധിക്കുന്നതല്ല.
കാഷ്വൽ അവധി കണക്കാക്കാൻ ഉപയോഗിക്കുന്നത് കലണ്ടർ വർഷം ആണ്. അതായത് ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള സമയം. ഒരു കലണ്ടർ വർഷത്തിൽ പരമാവധി കാഷ്വൽ അവധി ഇരുപതാണ്(20). അധ്യാപകർക്ക് പതിനഞ്ച്(15) ദിവസത്തേക്ക് മാത്രം കാഷ്വൽ അവധിക്ക് അർഹതയുണ്ട്. പി.ടി.സ് (PTS) വിഭാഗത്തിന് ഇരുപത്(20) എണ്ണവുമാണ് ഉള്ളത്. താൽകാലികം അല്ലെങ്കിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഒരു വർഷം 20 ആകസ്മിക അവധി അനുവദിച്ചിട്ടുണ്ട്.
എന്നാൽ അത്രയും ദിവസത്തെ അവധിക്ക് ഒരു ജീവനക്കാരന് അവകാശമോ അർഹതയോ ഉള്ളതായി കണക്കാക്കുന്നില്ല. സ്ഥാപന മേധാവിക്ക് കാഷ്വൽ അവധി നിരസിക്കുക വരെ ചെയ്യാം.
ഒരു വർഷത്തിൽ കുറഞ്ഞ സർവീസ് ഉള്ള ഉദ്യോഗസ്ഥർക്ക്, അനുമതി നൽകുന്ന ഉയർന്ന ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തിന് വിധേയമായി ഇരുപത്(20) ദിവസങ്ങളിൽ കാഷ്വൽ അവധി അനുവദിക്കാം. ഒരു കലണ്ടർ വർഷത്തിൽ ജോലിയിൽ ചേരുന്ന തീയതി എന്തായാലും, ഒരാൾക്ക് കാഷ്വൽ അവധി എടുക്കാം. എന്നാൽ അത് മേലുദ്യോഗസ്ഥരുടെ വിവേചനാധികാരത്തിന് വിധേയമാണ്. അതായത്, ഡിസംബറിൽ സർവീസിൽ പ്രവേശിക്കുന്നയാൾക് പോലും 20 ദിവസത്തെ കാഷ്വൽ അവധിയും ലഭിക്കാം. അതേ സമയം, ഇത് നിങ്ങളുടെ മേലുദ്യോഗസ്ഥൻ അനുവദിക്കുന്നില്ലെങ്കിൽ, അതിനെതിരെ പരാതികളൊന്നും സമർപ്പിക്കുവാൻ കഴിയില്ല.
കാഷ്വൽ അവധി ഞായറാഴ്ചകളുമായും മറ്റ് അവധിദിനങ്ങളുമായും സംയോജിപ്പിക്കാം, പരമാവധി അഭാവം പതിനഞ്ച്(15) ദിവസം കവിയരുത് എന്നൊരു നിബന്ധനയുണ്ട്. ഡൽഹിയിൽ ജോലി ചെയ്യുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മാത്രം ഇരുപത്(20) ദിവസം വരെ അടുപ്പിച്ചു ലീവ് എടുക്കുവാനുള്ള പ്രത്യേക അനുമതിയുണ്ട്. കെ.എസ്.ആർ അംഗീകരിച്ച മറ്റ് ലീവുകൾക്കൊപ്പം (അതായത് ഓർഡിനറി ലീവ്, സ്പെഷ്യൽ ലീവ്) കാഷ്വൽ ലീവ് എടുത്തു സംയോജിപ്പിക്കാൻ കഴിയില്ല, വെക്കേഷനുകൾക് ഒപ്പവും കാഷ്വൽ ലീവ് സംയോജിപ്പിക്കാൻ കഴിയില്ല. എന്നിരുന്നാലും, വകുപ്പ് മേധാവികൾ പ്രത്യേക അവസരങ്ങളിൽ അത്തരം സംയോജനം അനുവദിച്ചേക്കാം.
എന്നാൽ സ്പെഷ്യൽ കാഷ്വൽ ലീവുകളുമായി, കാഷ്വൽ ലീവ് സംയോജിപ്പിച്ചു എടുക്കാവുന്നതാണ്. അതുപോലെ ഹോളിഡേ ഡ്യൂട്ടി ചെയ്താൽ എടുക്കുന്ന കോമ്പൻസേഷൻ (Compensation) ലീവിനൊപ്പവും കാഷ്വൽ ലീവ് സംയോജിപ്പിച്ചു എടുക്കാവുന്നതാണ്. അങ്ങനെ ലീവുകൾ സംയോജിപ്പിച്ചാലും പരമാവധി അഭാവം 15 ദിവസം കവിയരുത്.
കാഷ്വൽ ലീവ് മുൻകാല പ്രാബല്യത്തോടെ കമ്മ്യൂട് (Commute) ചെയ്തു മറ്റു ലീവായി മാറ്റാൻ കഴിയില്ല. എന്നാൽ ഒരു ജീവനക്കാരൻ കാഷ്വൽ അവധിയിൽ പോയിട്ട്, പിന്നീട് കാഷ്വൽ അവധിയുടെ പിന്തുടർച്ചയായി മറ്റെന്തെങ്കിലും അവധിയിൽ പ്രവേശിച്ചാൽ, ആ അവധിയുടെ തുടക്കം കാഷ്വൽ ലീവ് എടുത്ത തീയതി മുതലായാണ് കണക്കാക്കുന്നത്.
ആകസ്മിക അവധി അനുവദിക്കാനുള്ള അധികാരി
- ഒരു ഓഫീസിലെ കീഴ്ജീവനക്കാർക്ക് = ആ ഓഫീസിലെ മേധാവി
- ഓഫീസിൽ മേധാവി = തൊട്ടടുത്ത മേലധികാരി
- വകുപ്പധ്യക്ഷന്മാർ = സെക്രട്ടറിയേറ്റിലെ വകുപ്പ് സെക്രട്ടറി
കീഴ്ജീവനക്കാർ അവധി എടുക്കുന്നതിനു മുന്നേ അനുവാദം വാങ്ങിയിരിക്കേണ്ടതാണ്,
ഫോം നമ്പർ 19 കാഷ്വൽ ലീവ് രജിസ്റ്റർ എല്ലാ ഓഫീസുകളിലും സൂക്ഷിക്കണം. ഒരു ഉദ്യോഗസ്ഥനെ ഒരു ഡിപ്പാർട്ട്മെൻറ്/ ഓഫീസ്/ സെക്ഷനിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുമ്പോൾ, മുൻ കൺട്രോളിംഗ് ഓഫീസർ, ഓഫീസറുമായി ബന്ധപ്പെട്ട കാഷ്വൽ ലീവ് രജിസ്റ്ററിന്റെ എക്സ്ട്രാക്റ്റ് (extract) യഥാസമയം സാക്ഷ്യപ്പെടുത്തി (authenticate) ഉദ്യോഗസ്ഥൻ പോവുന്ന ഓഫീസിലേക്ക് അയക്കണം. അതിനു ശേഷം മാത്രമേ പുതിയ ഓഫീസിൽ നിന്നും ബാക്കി കാഷ്വൽ ലീവ് അനുവദിക്കേണ്ടതുള്ളു.
Categories