National Pension Scheme

ദേശീയ പെൻഷൻ പദ്ധതി
An illustration for National Pension Scheme

എൻ‌പി‌എസ് (NPS) അല്ലെങ്കിൽ ദേശീയ പെൻഷൻ പദ്ധതി, സർക്കാർ സ്പോൺസർ ചെയ്യുന്നൊരു പെൻഷൻ പദ്ധതിയാണ്. കേന്ദ്ര സർക്കാർ ജീവനക്കാർക്കായി 2004 ജനുവരിയിൽ ഇത് ആരംഭിച്ചു. 1 ഏപ്രിൽ 2013 ദിവസം തൊട്ടു സർവീസിൽ പ്രവേശിച്ച എല്ലാ കേരള സർക്കാർ ജീവനക്കാരും NPS പെൻഷൻ പദ്ധതിയുടെ കീഴിലാണ് വരുക. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (PFRDA) ആണ് എൻ‌പി‌എസ് നിയന്ത്രിക്കുന്നത്.

ചിട്ടയായ/പതിവ് നിക്ഷേപം നടത്താൻ ദേശീയ പെൻഷൻ പദ്ധതി വ്യക്തികളെ സഹായിക്കുന്നു. വരിക്കാരുടെ സർവീസ് കാലയളവിൽ, പെൻഷൻ അക്കൗണ്ടിലേക്ക് പതിവായി ഒരു തുക സംഭാവന ചെയ്യിക്കുന്നു ഈ പദ്ധതി വഴി. വിരമിക്കുമ്പോൾ, വരിക്കാർക്ക് മൊത്തം തുകയുടെ ഒരു ഭാഗം പിൻവലിക്കുവാനും, ശേഷിക്കുന്ന തുക ഉപയോഗിച്ച് റിട്ടയർമെന്റിനുശേഷം ഒരു സ്ഥിര വരുമാന മാർഗ്ഗം നേടുന്നതിന് ഒരു ആന്വിറ്റി (annuity) വാങ്ങാനും കഴിയുന്നതാണ്.

നിലവിൽ, ഫണ്ട് മാനേജരെ (Fund Manager) തിരഞ്ഞെടുക്കുന്നതിനോ എൻ‌പി‌എസിലെ നിക്ഷേപം ഏതൊക്കെ അനുപാതത്തിൽ എവിടെയൊക്കെ (Stock Market + India Govt Bond) വീതിക്കണം എന്നതിനോ സംബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് ഒന്നും പറയാൻ കഴിയില്ല, ഇവ രണ്ടും സർക്കാർ ആണ് തീരുമാനിക്കുന്നത്.

ദേശീയ പെൻഷൻ സംവിധാനത്തിൽ അക്കൗണ്ട് തുറന്നതിനു ശേഷം ഓരോ വരിക്കാർക്കും Permanent Retirement Account Number അല്ലെങ്കിൽ PRAN (പ്രാൺ) സൃഷ്ടിക്കുന്നു. PRAN വഴിയാണ് പെൻഷൻ അക്കൗണ്ടിലേക്കുള്ള ഇടപാടുകൾ നടക്കുന്നത്. വരിക്കാർക്ക് എപ്പോൾ വേണമെങ്കിലും അക്കൗണ്ടിൽ എത്ര തുക ഉണ്ടെന്നു നോക്കാനുള്ള സൗകര്യവും ഉള്ളതാണ്.

എൻപിഎസ് ബാധകമായ ജീവനക്കാരൻ/ജീവനക്കാരി താമസിച്ചാണ് പ്രാൺ സൃഷ്ടിച്ചു ദേശീയ പെൻഷൻ പദ്ധതിയിൽ ചേരുന്നതെങ്കിൽ, എത്ര കാലത്തെ സംഭാവന കൊടുക്കുവാനുണ്ടോ അത്രയും കാലത്തെ പണം ശമ്പളത്തിൽ നിന്നും പിടിക്കുന്നതാണ്. എന്നാൽ അത് എത്ര തവണയായി വേണം എന്ന് ഉദ്യോഗസ്ഥന് തീരുമാനിക്കാം.

NPS vs Statutory Pension Scheme

കേരള സർക്കാരിന്റെ പഴയ പെൻഷൻ പദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി (Statutory Pension) ജീവനക്കാരന്റെ അവസാന ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പക്ഷേ എൻ‌പി‌എസ് ഡിഫൈൻ‌ഡ് കോൺ‌ട്രിബ്യൂഷൻ പെൻ‌ഷൻ സിസ്റ്റം (DCPS) അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൽ റിട്ടയർമെൻറ് സമയത്ത് നൽകേണ്ട പെൻഷൻ, തൊഴിലുടമയും(സർക്കാർ) ജീവനക്കാരും ചേർന്നു സംഭാവന (contribute) ചെയ്യുന്നു. KSR Part III മൊത്തം സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംബന്ധിച്ചാണ് പറയുന്നത്. നിശ്ചയിച്ചുറപ്പിച്ച ഒരു മിനിമം തുക ഉറപ്പാണെന്നുള്ളതാണ് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയുടെ ഗുണം. എന്നാൽ എൻപിഎസ് പദ്ധതിയിൽ കുറഞ്ഞ ഒരു മിനിമം തുക ഉറപ്പ് പറയുന്നില്ല. എൻപിഎസ് നിക്ഷേപങ്ങൾ വളരുകയോ ചെറുതാവുകയോ ആവാം. ഉറപ്പില്ല എന്നുള്ളതാണ് പ്രത്യേകത.

How NPS Works

എൻപിഎസ് പദ്ധതി പ്രകാരം പെൻഷൻ അക്കൗണ്ടിലേക്ക് ഇടുന്ന പണം, ജീവനക്കാരനും തൊഴിലുടമയും ചേർന്നാണ് സംഭാവന ചെയ്യുന്നത്. ജീവനക്കാരന്റെ ബേസിക് പേ(Basic Pay) + ഡി‌എ(DA) എന്നിവ രണ്ടും കൂടെ കൂട്ടിയിട്ട്, ആ തുകയുടെ 10% ജീവനക്കാരന്റെ എൻ‌പി‌എസ് അക്കൗണ്ടിലേക്ക് എല്ലാ മാസവും ഇടുന്നു. അത്ര തന്നെ തുക സർക്കാരും ജീവനക്കാരന്റെ പെൻഷൻ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുന്നു. ഈ തുക സ്റ്റോക്ക് മാർക്കറ്റിലേക്ക് വിന്യസിക്കുന്നു. ജീവനക്കാരൻ വിരമിക്കുന്ന സമയം ആവുമ്പോഴേക്കും ഈ തുക ഗണ്യമായ വളരും എന്നാണ് വിശ്വസിക്കുന്നത്. വിരമിച്ച ശേഷം ജീവനക്കാരന് മൊത്തം തുകയുടെ 60% തിരിച്ചു തരുകയും, ബാക്കി 40% തുക ഏതെങ്കിലും annuity പദ്ധതി പ്രകാരം എല്ലാ മാസവും ഒരു നിശ്ചിത തുകയായി തിരികെ തരും എന്നും എൻപിഎസ് വിഭാവനം ചെയ്യുന്നു.

NPS in the event of death

സർക്കാർ ജീവനക്കാരുടെ നോമിനീയ്ക് മൊത്തം തുകയുടെ 20% മാത്രമേ ഒറ്റ തവണയായി പിൻവലിക്കാൻ കഴിയു. ബാക്കി 80% പണം ആന്വിറ്റി (annuity) ആയി മാത്രമേ പിൻവലിക്കാൻ കഴിയുകയുള്ളു. എന്നാൽ മൊത്തം തുക 2 ലക്ഷമോ അതിലും കുറവുമോ ആണെങ്കിൽ നോമിനീയ്ക് മൊത്തം തുകയും പിൻവലിക്കുവാൻ സാധിക്കും.

Tax Benefits under NPS

പി‌പി‌എഫ്(PPF), ഇ‌പി‌എഫ്(EPF) എന്നിവയേ പോലെ, ദേശീയ പെൻഷൻ പദ്ധതി ഒരു എക്സംപ്റ്റ്-എക്സംപ്റ്റ്-എക്സംപ്റ്റ് (Exempt-Exempt-Exempt) ഉപകരണമാണ്. അതായത് പെൻഷൻ പദ്ധതിയിൽ ഇടുന്ന തുക മുഴുവൻ നികുതി രഹിതമാണ്‌; ആ തുക അക്കൗണ്ടിൽ കിടന്നു വളരുന്നതിനും നികുതി അടയ്‌ക്കേണ്ട; അവസാനം പണം പിൻവലിക്കുമ്പോഴും നികുതി വേണ്ട.

Section 80CCD (1)

  • ദേശീയ പെൻഷൻ പദ്ധതി നിക്ഷേപങ്ങൾക്ക്, ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി (80C) പ്രകാരം ആദായനികുതി ആനുകൂല്യങ്ങൾ ലഭ്യമാണ്. ഈ നിയമ പ്രകാരം ഒരു വർഷം എൻപിഎസ് അക്കൗണ്ടിലേക്ക് ഇടുന്ന ഒന്നര ലക്ഷം രൂപ (Rs 1,50,000) വരെ ആദായ നികുതിയിളവിന് യോഗ്യമാണ്.

Section 80CCD (1B)

  • ദേശീയ പെൻഷൻ പദ്ധതി നിക്ഷേപങ്ങൾക്ക്, സെക്ഷൻ 80C പ്രകാരം ഉള്ള നികുതിയിളവ് കൂടാതെ, അധികമായി അൻപതിനായിരം രൂപയുടെ കൂടെ നികുതിയിളവ് ക്ലെയിം ചെയ്യാൻ കഴിയും സെക്ഷൻ 80CCD (1B) പ്രകാരം. അതായത് മൊത്തം 2 ലക്ഷം രൂപ നികുതിയിളവിന് യോഗ്യമാണ്.

Section 80CCD (2)

  • സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളനികുതി കിഴിവിന്റെ (salary tax deduction) 10% ഈ വകുപ്പ് പ്രകാരം അവകാശപ്പെടാം. കേന്ദ്ര സർക്കാർ ജീനക്കാർക്ക് ഇത് 14% ആണ്.