കേരളാ സർവീസ് റൂൾസ് (KSR) പാർട്ട് 1 Rule 111 & Appendix VII എന്നിവയിലാണ് കാഷ്വൽ ലീവ് അല്ലെങ്കിൽ ആകസ്മിക അവധിയെ കുറിച്ചു പറയുന്നത്.
KSR പ്രകാരം സർക്കാർ ജീവനക്കാർക്ക് കാഷ്വൽ ലീവ് ഒരു അവകാശമല്ല.
ആകസ്മിക അവധിയുടെ പേരിൽ അവധി ഉണ്ടെങ്കിലും അതിനേയൊരു അവധിയായല്ല പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ഡ്യൂട്ടിയ്ക്ക് ഹാജർ ആവാത്തതായി കണക്കാക്കുന്നില്ല — ഡ്യൂട്ടിയ്ക്ക് വന്നതുപോലെയാണ് കാഷ്വൽ ലീവിലുള്ള ആളെ പരിഗണിക്കുന്നത്. അതിനാൽ തന്നെ കാഷ്വൽ ലീവ് ശമ്പളത്തേയോ അലവൻസുകളെയോ ബാധിക്കുകയില്ല.
Eligibility for casual leave
എല്ലാ കേരളാ സർക്കാർ ജീവനക്കാർക്കും കാഷ്വൽ ലീവ് അനുവദനീയമാണ്.
Number of leaves permissible
ഒരു കലണ്ടർ വർഷത്തിൽ (ജനുവരി 1 മുതൽ ഡിസംബർ 31 വരെ) പരമാവധി കാഷ്വൽ അവധി ഓരോ സർക്കാർ വിഭാഗക്കാർക്കും വിഭിന്നമാണ്. എന്നാൽ അത്ര ദിവസത്തെ അവധിക്ക് ഒരു ജീവനക്കാരന് അവകാശമോ അർഹതയോ ഉള്ളതായി കണക്കാക്കുന്നില്ല. സ്ഥാപന മേധാവിക്ക് ആവശ്യമെങ്കിൽ കാഷ്വൽ അവധി നിരസിക്കുകയും ചെയ്യാം.
| ഉദ്യോഗസ്ഥ വിഭാഗം | പരമാവധി കാഷ്വൽ അവധി |
|---|---|
| സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ | 20 |
| അധ്യാപകര്‍ | 15 |
| PTS (Part Time Sweepers) | 20 |
| താല്‍ക്കാലിക/കോണ്‍ട്രാക്ട് ജീവനക്കാർ | 20 |
ഒരു വർഷത്തിൽ കുറഞ്ഞ സർവീസ് ഉള്ള ഉദ്യോഗസ്ഥർക്ക്, അനുമതി നൽകുന്ന ഉയർന്ന ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തിന് വിധേയമായി 20 ദിവസവും കാഷ്വൽ അവധി അനുവദിക്കാം. ജോലിയിൽ ചേരുന്ന തീയതി എന്തായാലും, ഒരാൾക്ക് കാഷ്വൽ അവധി എടുക്കാം — എന്നാൽ അത് മേലുദ്യോഗസ്ഥരുടെ വിവേചനാധികാരത്തിന് വിധേയമാണ്. അതായത്, ഡിസംബറിൽ സർവീസിൽ പ്രവേശിക്കുന്നയാൾക് പോലും 20 ദിവസത്തെ കാഷ്വൽ അവധിയും ലഭിക്കാം. അതേ സമയം, ഇത് നിങ്ങളുടെ മേലുദ്യോഗസ്ഥൻ അനുവദിക്കുന്നില്ലെങ്കിൽ, അതിനെതിരെ പരാതികളൊന്നും സമർപ്പിക്കുവാൻ കഴിയില്ല.
Authority granting casual leave
| ഉദ്യോഗസ്ഥൻ | അനുവദിക്കുന്ന അധികാരി |
|---|---|
| ഒരു ഓഫീസിലെ ജീവനക്കാരന് | ആ ഓഫീസിലെ മേധാവി |
| ഓഫീസ് മേധാവിക്ക് | തൊട്ടടുത്ത മേലധികാരി |
| വകുപ്പധ്യക്ഷന്മാർക്ക് | സെക്രട്ടറിയേറ്റിലെ വകുപ്പ് സെക്രട്ടറി |
Combining with other types of leaves
- കാഷ്വൽ അവധി ഞായറാഴ്ചകളുമായും മറ്റ് അവധിദിനങ്ങളുമായും സംയോജിപ്പിക്കാം, പരമാവധി അഭാവം പതിനഞ്ച്(15) ദിവസം കവിയരുത് എന്നൊരു നിബന്ധനയുണ്ട്. ഡൽഹിയിൽ ജോലി ചെയ്യുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മാത്രം 20 ദിവസം വരെ അടുപ്പിച്ചു ലീവ് എടുക്കുവാനുള്ള പ്രത്യേക അനുമതിയുണ്ട്.
- ഓർഡിനറി ലീവ്, സ്പെഷ്യൽ ലീവ് എന്നിവയുടെ കൂടെ കാഷ്വൽ ലീവ് എടുത്തു സംയോജിപ്പിക്കാൻ കഴിയില്ല, വെക്കേഷനുകൾക് ഒപ്പവും കാഷ്വൽ ലീവ് സംയോജിപ്പിക്കാൻ കഴിയില്ല. എന്നിരുന്നാലും, വകുപ്പ് മേധാവികൾ പ്രത്യേക അവസരങ്ങളിൽ അത്തരം സംയോജനം അനുവദിച്ചേക്കാം.
- എന്നാൽ സ്പെഷ്യൽ കാഷ്വൽ ലീവുകളുമായി, കാഷ്വൽ ലീവ് സംയോജിപ്പിച്ചു എടുക്കാവുന്നതാണ്.
- അതുപോലെ ഹോളിഡേ ഡ്യൂട്ടി ചെയ്താൽ ലഭിക്കുന്ന കോമ്പൻസേഷൻ (Compensation) ലീവിനൊപ്പവും കാഷ്വൽ ലീവ് സംയോജിപ്പിച്ചു എടുക്കാവുന്നതാണ്.
കാഷ്വൽ ലീവ് മുൻകാല പ്രാബല്യത്തോടെ കമ്മ്യൂട് (Commute) ചെയ്തു മറ്റു ലീവായി മാറ്റാൻ കഴിയില്ല. എന്നാൽ ഒരു ജീവനക്കാരൻ കാഷ്വൽ അവധിയിൽ പോയിട്ട്, പിന്നീട് കാഷ്വൽ അവധിയുടെ പിന്തുടർച്ചയായി മറ്റെന്തെങ്കിലും അവധിയിൽ പ്രവേശിച്ചാൽ, ആ അവധിയുടെ തുടക്കം കാഷ്വൽ ലീവ് എടുത്ത തീയതി മുതലായാണ് കണക്കാക്കുന്നത്.